മാന്നാർ: കാരാഴ്മ ഉലച്ചിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാത്രി എട്ടിന് ശേഷം നടന്ന ഉറിയടി മഹോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കഞ്ചാവ് കേസിൽ പ്രതികളായിട്ടുള്ളവരാണ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്നും മാന്നാർ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി ഉലച്ചിക്കാട് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ രംഗത്തുവന്നു.
ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരിൽ പലർക്കുമെതിരേ മാന്നാർ പൊലിസ് സ്റ്റേഷനിൽ നിലവിൽ കേസുകളുള്ളതാണ്. ഉത്സവം അലങ്കോലപ്പെടുത്തിയത് ക്ഷേത്ര ഉപദേശക സമിതിയും നാട്ടുകാരും ചേർന്ന് പ്രതിരോധിക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. കഞ്ചാവ് കേസിലെ പ്രതിയായ വ്യക്തിയുടെ സഹോദരി ഇതിനിടയിൽ കയറുകയും സംഘർഷത്തിൽ മർദനമേൽക്കുകയുമായിരുന്നു. പുറമേനിന്ന് എത്തിയവരാണ് ഇവരെ മർദിച്ചതെന്ന് മൊബൈൽ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി അടുത്ത ദിവസം തന്നെ മാന്നാർ പൊലിസിൽ പരാതി നൽകിയിരുന്നു.
ഇതിനെ പ്രതിരോധിക്കാനാണ് ഈ ക്രിമിനൽ സംഘം പ്രസ്തുത പെൺകുട്ടിയെ കൊണ്ട് ഉപദേശക സമിതി പ്രവർത്തകർക്കെതിരേ കള്ളക്കേസ് നൽകിയതെന്നും ഉപദേശക സമിതിയുടെ പരാതിയിൽ ഒരാളെപ്പോലും കസ്റ്റഡി യിൽ എടുക്കാതെ പെൺകുട്ടിയുടെ മൊഴി മാത്രം രേഖപ്പെടുത്തി ഉപദേശക സമിതി അംഗങ്ങൾ ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ക്ഷേത്രോപദേശക സമിതി ആരോപിക്കുന്നത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായിട്ടുള്ളവരെ പിടികൂടുന്നതിനായി പുലർച്ചെ വീടുകളിൽ കയറി പൊലിസ് അതിക്രമം കാട്ടിയതായും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തതായും ഇവർ ആരോപിച്ചു.
ഉപദേശക സമിതി പരാതി നൽകിയിട്ടും ഉത്സവം അലങ്കോലപ്പെടുത്തിയവരെ എന്തുകൊണ്ട് പിടികൂടിയില്ലെന്ന് ഉലച്ചിക്കാട് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ചോദിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. പ്രശാന്ത്, സെക്രട്ടറി ബി.പ്രകാശ്, പ്രണവം, ട്രഷറർ വിക്രമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.